Monday, 9 March 2015

ദോശയും ഉള്ളിചമന്തിയും


ദോശയും ഉള്ളിചമന്തിയും




ദോശ

ചേരുവകള്‍
പച്ചരി – 3 കപ്പ്
ഉഴുന്ന് – 1 കപ്പ്
ഉലുവ – 2 ടീസ്പൂണ്‍
എണ്ണ (കടല) – രണ്ടു ടീസ്പൂണ്‍
(ദോശക്കല്ലില്‍ പുരട്ടാന്‍)
ഉപ്പ് – പാകത്തിന്

1. പച്ചരിയും ഉഴുന്നും വെവ്വേറെ വെള്ളത്തില്‍ കുറഞ്ഞത് അഞ്ചു മണിക്കൂര്‍ കുതിര്‍ത്തെടുക്കുക.
2. കുതിര്‍ക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഉലുവയും ചേര്‍ത്തിട്ട് കുതിര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
3. രണ്ടും നല്ലതുപോലെ കഴുകി വെവ്വേറെ അരച്ചെടുക്കുക. ഉഴുന്ന് നല്ലതുപോലെ അരഞ്ഞ് പതഞ്ഞു പൊങ്ങുമ്പോള്‍ മാത്രം എടുക്കുക.
4. നല്ലതുപോലെ അരച്ചെടുത്ത മാവ് ഒന്നിച്ചിട്ട് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി പന്ത്രണ്ടു മണിക്കൂര്‍ നേരം
പുളിക്കാനായി അടച്ചുവയ്ക്കുക. പുളിക്കാന്‍വയ്ക്കുമ്പോള്‍ ഒരല്പം വലിയ പാത്രം ഉപയോഗിക്കുക. കാരണം പുളിച്ചാല്‍ മാവ് പൊങ്ങുവാന്‍ ഇടയുണ്ട്.
5. പന്ത്രണ്ടു മണിക്കൂറുകള്‍ക്കു ശേഷം മാവ് ഇളക്കി യോജിപ്പിക്കുക.
6. ദോശക്കല്ല് (അപ്പച്ചട്ടി) അടുപ്പത്തുവെച്ച് ചൂടാക്കുക. കല്ല് ചൂടാകുമ്പോള്‍, ഒരു ചെറിയ കഷണം തുണി ചുരുട്ടി എണ്ണയില്‍ മുക്കി ദോശക്കല്ലില്‍ പുരട്ടുക. എണ്ണ അധികമാകാന്‍ പാടില്ല. കാരണം ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടാകും.
7. ചെറിയ തീയില്‍ എണ്ണ പുരട്ടിയ ദോശക്കല്ലില്‍ മാവ് ഒഴിച്ച് വട്ടത്തില്‍ പരത്തുക.
8. തുണിക്കഷണത്തിലെ എണ്ണ ദോശയുടെ ചുറ്റും ചെറുതായി പുരട്ടുക. (അല്പം മൂത്ത ശേഷം)
9. രണ്ടു മിനിട്ടിനു ശേഷം ചട്ടുകം ഉപയോഗിച്ച് മെല്ലെ ഇളക്കി ബ്രൗണ്‍ നിറം വരുമ്പോള്‍ മറിച്ചിടുക.
10. മറുവശവും രണ്ടു മിനിട്ടു നേരം വേവിച്ചശേഷം വീണ്ടും ഇളക്കി കിണ്ണത്തിലെടുക്കുക.
11. ചൂടോടുകൂടി തേങ്ങാചട്ണിയും കൂട്ടി ഉപയോഗിക്കുക.
കുറിപ്പ്:
ചെറിയചൂടില്‍ മാത്രം ദോശ വേവിച്ചെടുത്താല്‍ കരിയാതിരിക്കും.
ദോശക്കല്ല് അധികം ചൂടായാല്‍ വെള്ളം അല്പം തളിച്ചശേഷം മാത്രം എണ്ണ പുരട്ടുക.

മുളക്-ഉള്ളി ചട്‌നി

ചേരുവകള്‍
1. ഉണക്കമുളക് — 10 എണ്ണം
2. സവാള/ ഉള്ളി — സവാള 10 എണ്ണം/
ഉള്ളി 1/4 കിലോ
3. ഉപ്പ് — പാകത്തിന്
4. പുളി — ഒരു ചെറിയ ഉരുള
5. വെളിച്ചെണ്ണ — 1 1/2ടേബിള്‍സ്പൂണ്‍

പാകംചെയ്യുന്ന വിധം

ഉണക്കമുളക് ചുട്ടെടുക്കുക. ഗ്യാസടുപ്പിലും വച്ച് ചുട്ടെടുക്കാവുന്നതാണ്. ഉള്ളി അല്ലെങ്കില്‍ സവാള കനം കുറച്ചരിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് ബ്രൗണ്‍
നിറമാക്കി കോരുക. മുളകുചുട്ടതിന്റെ അരി കളഞ്ഞ് മിക്‌സിജാറിലിടുക. ഉപ്പും പുളിയും വറുത്ത ഉള്ളി അല്ലെങ്കില്‍ സവാളയും ചേര്‍ത്ത് നന്നായരച്ചെടുക്കുക. അല്പം വെളിച്ചെണ്ണയൊഴിച്ച് ഒന്നുകൂടി വഴറ്റി നന്നായി വരട്ടിയെടുക്കുക. 2-3 ദിവസംവരെ ഉപയോഗിക്കാനായി ഫ്രിഡ്ജില്‍ അടച്ചു സൂക്ഷിച്ചാല്‍ മതി.

No comments:

Post a Comment