Tuesday, 10 March 2015

ചെമ്മീന്‍- കപ്പ ബിരിയാണി


ചെമ്മീന്‍- കപ്പ ബിരിയാണി




ചേരുവകള്‍

കപ്പ - 1/2 കിലോ ( കൊത്തിയരിഞ്ഞ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചത്).
ചെമ്മീന്‍ - 250 ഗ്രാം ( വലിയ ചെമ്മീന്‍ വൃത്തിയാക്കി ചെറുതായി മുറിച്ചത്).
ഗരം മസാല - 1/2 ടീസ്പൂണ്‍.
മല്ലിപ്പൊടി- 1 ടീസ്പൂണ്‍.
കുരുമുളക് പൊടി-1/2 ടീസ്പൂണ്‍.
പെരുംജീരകം- 1 ടീസ്പൂണ്‍.
ഏലയ്ക്ക-1/2 ടീസ്പൂണ്‍ (വറത്ത് പൊടിച്ചത്).
മുളക്പൊടി-1 ടീസ്പൂണ്‍.
മഞ്ഞള്‍പൊടി-1/2 ടീസ്പൂണ്‍.
കടുക്-1 ടീസ്പൂണ്‍.
ഉഴുന്ന്പരിപ്പ്-1/2 ടീസ്പൂണ്‍.
ഉള്ളി- 2 എണ്ണം.
തക്കാളി-1.
കുടംപുളി-1കഷ്ണം (വെള്ളത്തില്‍ ഇട്ട് വെച്ചത്).
തേങ്ങ-അരമുറി(ചിരകിയത്).
പച്ചമുളക്-4 എണ്ണം ചെറുതായി അരിഞ്ഞത്( എരിവിന് അനുസരിച്ച്).
ഉപ്പ്-ആവശ്യത്തിന്
ഇഞ്ചി,വെളുത്തുള്ളി- ചെറുതായി അരിഞ്ഞത് ആവശ്യാനുസരണം.
പൊതിനയില,മല്ലിയില,കറിവേപ്പില ആവശ്യത്തിന്.
വെളിച്ചെണ്ണ, തേങ്ങപ്പാല്‍,നെയ്യ് , വെള്ളം ആവശ്യത്തിന്. 

തയ്യാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായി വരുമ്പോള്‍ 1/2 ടീസ്പൂണ്‍ കടുക്,പെരുംജീരകം ,1 ടീസ്പൂണ്‍ വെളുത്തുള്ളി,ഇഞ്ചി ഒരു തണ്ട് കറിവേപ്പില ഇവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.അതിലേയ്ക്ക് കനം കുറച്ച് നീളത്തില്‍ അരിഞ്ഞ ഒരു സവാള ഇടുക. ബ്രൌണ്‍ കളറാകുന്നത് വരെ നന്നായി ഇളക്കികൊണ്ടിരിക്കണം.
അതിനു ശേഷം 2 ടീസ്പൂണ്‍ പച്ചമുളക്,ഇഞ്ചി -വെളുത്തുള്ളി അരച്ചത്,മുളക്പൊടി,1/ 4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി,3/4 ടീസ്പൂണ്‍ മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് കനം കുറച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി, വെള്ളത്തില്‍ ഇട്ട് വെച്ചിരിക്കുന്ന കുടംപുളി എന്നിവ കൂടി ചേര്‍ക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഈ മസാലയിലേയ്ക്ക് ഇനി ചെമ്മീന്‍ ഇടുക. ഇത് അടച്ച് വെച്ച് ഹാഫ് കുക്ക് ചെയ്തെടുക്കുക. അതിലേയ്ക്ക് 2 ടീസ്പൂണ്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്താല്‍ ചെമ്മീന്‍ മസാല റെഡി.
മറ്റൊരു പരന്ന പാത്രം അടുപ്പത്ത് വെച്ച് രണ്ട് ടീസ്പൂണ്‍ എണ്ണ ഒഴിക്കുക. അതിലേയ്ക്ക് 1/2 ടീസ്പൂണ്‍ കടുക്, പൊട്ടിച്ച വറ്റല്‍മുളക് മൂന്നെണ്ണം,1/2 ടീസ്പൂണ്‍ ഉഴുന്ന്പരിപ്പ് എന്നിവ ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേയ്ക്ക് 1/2 ടീസ്പൂണ്‍ പച്ചമുളക്,1 ടീസ്പൂണ്‍ ഇഞ്ചി, ഒരു തണ്ട് കറിവേപ്പില, കൊത്തിയരിഞ്ഞ ഉള്ളി ഇവ ചേര്‍ക്കുക. ഉള്ളിയിലെ വെള്ളം മാറി ഡ്രൈ ആകാന്‍ കുറച്ച് ഉപ്പ് കൂടി ചേര്‍ക്കുക. ഉള്ളി ഡ്രൈ ആയാല്‍ അതിലേയ്ക്ക് ഒതുക്കി വെച്ചിരിക്കുന്ന തേങ്ങ ഇടുക. പച്ചമുളക്,ചെറിയ ഉള്ളി, പെരും ജീരകം, ജീരകം, മഞ്ഞള്‍പ്പൊടി,കറിവേപ്പില എന്നിവ ചേര്‍ത്ത് ഒതുക്കിയെടുത്ത തേങ്ങയാണ് ചേര്‍ക്കേണ്ടത്. ഇനി അതിലേയ്ക്ക് കപ്പ ചേര്‍ക്കുക. കപ്പ നന്നായി വേവിക്കുക, ഇളക്കിയ ശേഷം ചെമ്മീന്‍ മസാല കൂടി ചേര്‍ക്കുക.1/2 ടീസ്പൂണ്‍ ഗരം മസാല, ഏലയ്ക്ക പൊടി, വറത്ത് പൊടിച്ച പെരും ജീരകപൊടി കുരുമുളക് പൊടി, പൊതീനയില, മല്ലിയില എന്നിവ ചേര്‍ത്തതിന് ശേഷം കുറച്ച് വെള്ളം കൂടി ഒഴിക്കുക. കുറച്ച് നെയ്യ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. കപ്പ ബിരിയാണി റെഡി.

കാന്താരി മുളക്, ചെറിയ ഉള്ളി, വാളന്‍പുളി ഇവ ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് ഒന്ന് ചതച്ചെടുത്തത് ബിരിയാണിയുടെ കൂടെ സാലഡിന് പകരമായി കൂട്ടാം.

No comments:

Post a Comment