Monday, 9 March 2015

ഹൽവയും മീൻചാറും എന്ന് കേൾക്കുമ്പോൾ എന്തേ ഒരു മനം പിരട്ടൽ?

ഹൽവയും മീൻചാറും എന്ന് കേൾക്കുമ്പോൾ എന്തേ ഒരു മനം പിരട്ടൽ? 



കാരണമുണ്ട്; ചില കാര്യങ്ങൾ നമ്മുടെ ശരീരം തന്നെ നമ്മോടു പറയും!എന്നാൽ,

പാചക പരീക്ഷണങ്ങളിലൂടെ പലപ്പോഴും ഇത്തരം ചോദനകളെ നിശ്ശബ്ദമാക്കി നാം സ്വയം വഞ്ചിക്കും. ഉദാ: ഹൽവയുടെ ചെറു കഷണങ്ങൾ മീൻകറിയിൽ ചേർത്ത് തയ്യാറാക്കിയ ഒരു പുതിയ വിഭവം “ഫിഷ് ഹൂളിഗൻ” എന്നോ മറ്റോ അവതരിപ്പിച്ചാൽ അതും ആസ്വദിക്കപ്പെട്ടു എന്ന് വരാം! അതുകൊണ്ടാണ് വ്യത്യസ്ത ആഹാര പദാർഥങ്ങളുടെ ചേർച്ചയും ചേർച്ചയില്ലായ്മയും നാം അറിയേണ്ടത്. പരസ്പരം ചേരാത്തവ ഒരുമിച്ചു ചേർത്ത് കഴിക്കുന്നത് രോഗകാരണമാകും എന്നാണ് ആയുർവേദം പറയുന്നത്. ഇവയെ വിരുദ്ധാഹാരങ്ങൾ എന്നാണ് വിളിക്കുക. എന്തുകൊണ്ട്?
ദഹനപ്രക്രിയ എന്നത് വിവിധ എൻസൈമുകളുടെയും, ഹൈഡ്രോക്ലോറിക് ആസിഡിന്റെയും, ബൈൽ അഥവാ പിത്തരസത്തിന്റെയും മറ്റും സാന്നിധ്യത്തിൽ പല ഘട്ടങ്ങളായി നടക്കുന്ന രാസപ്രക്രിയ ആണ്. വിരുദ്ധാഹാരങ്ങൾ ദഹനവ്യവസ്ഥയെ തകരാറിലാക്കും. കൂടാതെ, പരസ്പര വിരുദ്ധമായ സ്വഭാവ ഗുണങ്ങൾ ഉള്ള ആഹാരങ്ങൾ ദഹന പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ഉത്പന്നങ്ങളിൽ പലതും അപകടകാരികളാണ്. ഇവ കാലക്രമേണ രോഗങ്ങൾ ഉണ്ടാക്കും. “ഫ്രീ റാഡിക്കൽസ്” എന്ന പേരിൽ ശരീരത്തിൽ അങ്ങിങ്ങ് ചുറ്റിത്തിരിയുന്ന അനാവശ്യ രാസ സംയുക്തങ്ങളിൽ പലതും ഇപ്രകാരം രൂപപ്പെടുന്നതാണ്. പല രോഗങ്ങളുടെയും മൂലകാരണം അജ്ഞാതമാണെന്നും, അതിനാൽ പൂർണമായി ഭേദപ്പെടുത്താൻ ആവില്ലെന്നും ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ഈ അജ്ഞാത കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുന്നതിന് ആയുർവേദം ഉപയോഗിക്കുന്ന താക്കോലുകളിൽ ഒന്നാണ്, വിരുദ്ധാഹരങ്ങളെ കുറിച്ചുള്ള അറിവ്.
വിരുദ്ധാഹാരങ്ങൾ
ആയുർവേദ ആചാര്യന്മാർ ഇവയെ 18 വിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം. സംയോഗ വിരുദ്ധം എന്ന ഗണത്തിൽ വരുന്നവ പലതും അജ്ഞത മൂലം പരക്കെ ഉപയോഗിച്ച് വരുന്നവയാണ്! ഉദാ: പുളിരസമുള്ള പഴങ്ങളും പാലും. (മാംഗോ മിൽക് ഷേക്ക്, ഷാർജ ഷേക്ക്) മീനും പാലും! (ഛെ! എന്ന് പറയാൻ വരട്ടെ. മീൻ ഉൾപ്പെടെ ആഹാരം കഴിച്ചിട്ട് ഒരു ഐസ് ക്രീം?) തൈരും കോഴി ഇറച്ചിയും! ജലജീവികളുടെ മാംസത്തോടൊപ്പം ഉഴുന്ന്/ പാൽ / തേൻ ! നെയ്യും തേനും സമമായ അളവിൽ ചേർത്ത് ഉപയോഗിക്കുന്നത് മാത്രാവിരുദ്ധം. ഒന്ന് മറ്റൊന്നിനേക്കാൾ കൂടുതൽ എടുക്കണം എന്ന് സാരം. രാത്രിയിൽ തൈര് കഴിക്കുന്നതും, തണുപ്പുകാലത്ത് ശീതളപാനീയങ്ങൾ/ ഐസ് ക്രീം കഴിക്കുന്നതും കാലവിരുദ്ധം.
പൊതുവെ ഉറക്കംതൂങ്ങിയായ ഒരുവൻ കഫ വൃദ്ധി ഉണ്ടാക്കുന്നവ (ഉദാ: തൈര്, ഐസ് ക്രീം, ശീതള പാനീയങ്ങൾ ) കഴിക്കുന്നത് അവസ്ഥാവിരുദ്ധം. നെയ്യ് ധാരാളം ചേർത്ത ഭക്ഷണത്തോടൊപ്പം (ഉദാ: ബിരിയാണി) ശീതള പാനീയങ്ങൾ അഥവാ ഐസ് വാട്ടർ കുടിക്കുന്നത് ഉപചാര വിരുദ്ധം. ദഹന വ്യൂഹത്തിന്റെ പ്രത്യേകത കൊണ്ട് മലബന്ധം മൂലം കഷ്ടപ്പെടുന്നയാൾ നാരിന്റെ (ഫൈബർ) അംശം തെല്ലുമില്ലാത്ത ഭക്ഷണം കഴിക്കുന്നത് കോഷ്ഠ വിരുദ്ധം. (ചിലർ ശുദ്ധ നോണ് വെജ് ആണ് !) ഐസ് വാട്ടർ കുടിച്ചിട്ട് പിന്നാലെ ചൂടു ചായയോ/ കാപ്പിയോ കുടിക്കുന്നത് വീര്യ വിരുദ്ധം. ചെറുപ്പം മുതൽ ദേശാനുസൃതമായി ശീലിച്ചു വന്ന ഭക്ഷണത്തിൽ പൊടുന്നനെ വരുന്ന മാറ്റം സാത്മ്യവിരുദ്ധം. (ഉദാ: വെളിച്ചെണ്ണ ശീലിച്ച മലയാളി കടല എണ്ണയിലേക്കും, കർണാടക സ്വദേശി വെളിച്ചെണ്ണയിലേക്കും മാറുന്നത്) ഇനിയുമുണ്ട് അനേകം! ഇങ്ങനെ ഭക്ഷണങ്ങളുടെ ചേർച്ചയില്ലായ്മ മാത്രമല്ല, കഴിക്കുന്ന സമയവും, രീതിയും വരെ രോഗങ്ങളിലേക്ക് എത്തിക്കും. ഉദാ: വിശപ്പില്ലാത്ത അവസ്ഥയിലോ, മലമൂത്ര വിസർജ്ജനം ചെയ്യാതെയോ, ആഹാരം കഴിക്കുന്നത് ക്രമ വിരുദ്ധം. ടി.വി. കണ്ടുകൊണ്ടു ഭക്ഷിക്കുന്നതും ക്രമവിരുദ്ധം തന്നെ. ( 5000 വർഷം മുൻപ് ടി.വി. ഉണ്ടായിരുന്നോ എന്ന് ചോദിച്ചു കളയരുതേ.. ഭക്ഷണം കഴിക്കുമ്പോൾ അതിൽ ഏകാഗ്രത പുലർത്തുക എന്നാണ് ആചാര്യ നിർദ്ദേശം. നിത്യവും സീരിയൽ കണ്ടുകൊണ്ടു വാരിവലിച്ചു കഴിച്ചിട്ട് അമിത വണ്ണത്തെ പഴിക്കുന്നവർ എത്രയോ..!)
പുതിയ പാചക പരീക്ഷണങ്ങൾ നടത്തുമ്പോഴും, സ്റ്റാർ ഹോട്ടലുകളിലെ വിചിത്ര വിഭവങ്ങൾ കണ്ണടച്ചു തിന്നുതീർക്കുമ്പോഴും ജാഗ്രത! പരിസര മലിനീകരണം പോലെ തന്നെ ഒഴിവാക്കേണ്ടതാണ്, ശരീരത്തിന്റെ ആന്തരിക പരിസ്ഥിതിയുടെ മലിനീകരണവും. ചേരുവകൾ രഹസ്യമാക്കി വെച്ചിരിക്കുന്ന വിദേശ ഭക്ഷ്യപാനീയങ്ങൾ പലതും നിശബ്ദ കൊലയാളികൾ ആകുന്നതിൽ അത്ഭുതമെന്ത്? എന്നിട്ടും, ക്യാൻസറും മറ്റു മാറാരോഗങ്ങളും പെരുകുന്നതിൽ അന്തം വിട്ടു നില്ക്കുകയാണ് നമ്മൾ !

Courtesy : Dr.Regi Thomas : Kottam Magazine

No comments:

Post a Comment