ഇടിയപ്പം
ആവശ്യമുള്ള സാധനങ്ങള്‍:
1. പച്ചരി - 1 കിലോ
2. തേങ്ങാ - 2
3. ഉപ്പ് - 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് തെള്ളിയെടുക്കുക. ഈ മാവ് ഉരുളിയിലിട്ട് ചുവക്കുന്നതുവരെ ചൂടാക്കി വറുത്തെടുക്കുക. മൂന്നുകപ്പ് തേങ്ങാപാലും തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരിമാവ് കുഴക്കുക. അപ്പച്ചെമ്പില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. കുഴച്ചുവെച്ച മാവ് സേവനാഴിയില്‍ നിറച്ച് ഞെക്കി ഇലയില്‍ വീഴ്ത്തുക. അത് അപ്പച്ചെമ്പില്‍ വച്ച് അടച്ച് ആവിയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ് ഇടിയപ്പം എടുത്ത് ഓരോ അപ്പത്തിന്റെ മുകളില്‍ സ്വല്പം തേങ്ങാ പീര വിതറി ഉപയോഗിക്കുക.
എഗ്ഗ് കറി
ചേരുവകള്‍:
മുട്ട പുഴുങ്ങിയത് - 2 എണ്ണം
സവാള - 2 എണ്ണം
ഉരുളകിഴങ്ങ് പുഴുങ്ങിയത് - 2 എണ്ണം
(സവാളയും കിഴങ്ങും ഇവിടെ കിട്ടണതാണെങ്കില്‍ വലിയ ഒരെണ്ണം മതി)
വെള്ളുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
കറി വേപ്പില - 2 തണ്ട്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
ഉപ്പു - പാകത്തിന്
ചുവന്നുള്ളി - 6 എണ്ണം
വെളിച്ചെണ്ണ - 4 സ്പൂണ്‍
തേങ്ങപാല്‍ - ഒരു കപ്പ് (ഒന്നാം പാല്‍ വേണം. ഞാന്‍ ഇവിടെ കോക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് ഉപയോഗിക്കാറ്)
തയാറാക്കുന്ന വിധം:
1)പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അറിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
2)സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
3)നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക.
4)പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങിയ ഉരുളകിഴങ്ങ് ഉടച്ചു ചേര്‍ത്ത് നന്നായി ഇളക്കുക.
5)ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് അടുപത്തുനിന്നു ഇറക്കി വെക്കുക.
6)വേറെ ഒരു ചെറിയ പാനില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. എഗ്ഗ് കറി റെഡി.
പൊടികളുടെ കൂടെ 1 സ്പൂണ്‍ ഗരംമസാല ചേര്‍ത്തും വെക്കാം. അപ്പൊ അവസാനം ഉള്ളി മൂപിച്ചു ഒഴിക്കണ്ട. ആ കറിക്ക് വേറൊരു സ്വാദായിരിക്കും
No comments:
Post a Comment